ചെന്നൈ: ബുവേറി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മരണം അഞ്ചായി.
കടലൂരില്‍ വീട് തകര്‍ന്ന് 35 കാരിയും ഇവരുടെ 10 വയസുള്ള മകളും മരിച്ചു. അപകടത്തില്‍ മരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. പുതുക്കോട്ടെയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവിനും തഞ്ചാവൂരില്‍ 40 കാരിക്കും ജീവന്‍ നഷ്ടമായി. മഴയില്‍ നിരവധി വീടുകള്‍ തകരുകയും വന്‍ തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്‌തെന്ന് അധികൃതര്‍ വ്യക്തമാക്കി. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നും അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിലവില്‍ മഴ തുടരുകയാണ്. കടലൂര്‍ പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്.
നിലവില്‍ രാമനാഥപുരത്ത് നിന്ന് 40കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
അതേസമയം കേരളത്തില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മണിക്കൂറില്‍ 40 കീ.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം സംസ്ഥാനത്ത് തുടരും.