Web Desk
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ മിനിമം ചാര്‍ജില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് എട്ട് രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററായി കുറച്ചു. രണ്ടര മുതല്‍ അഞ്ച് കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപയാണ് ചാര്‍ജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയത്
കോവിഡ് പ്രതിസന്ധിക്കിടെയാണ് ഇരുട്ടടിയായി ബസ് ചാര്‍ജ് വര്‍ധനവ്. സംസ്ഥാനത്ത് ബസില്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. അഞ്ച് കിലോമീറ്റര്‍ എന്നത് രണ്ടര കീലോമീറ്ററാക്കിയാണ് ചുരുക്കിയത്. കോവിഡ് കാലത്തേക്ക് മാത്രമാണിത്.
നിലവിലെ അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കണമെങ്കില്‍ ഇനി 11 രൂപ നല്‍കേണ്ടിവരും. മിനിമം ചാര്‍ജ് ദൂരപരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 90 പൈസ നല്കേണ്ടിവരുന്നതോടെയാണ് 11 രൂപയിലെത്തുന്നത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നും തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാമെന്നുമായിരുന്നു ജസ്റ്റീസ് രാമചന്ദ്രന് കമ്മിഷന് ശിപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ തന്നെ ഫലത്തില്‍ ഇത് 11 രൂപയായി മാറിയിരിക്കുകയാണ്. രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം എന്നത് ഓരോ കിലോമീറ്ററിന് 90 പൈസ വീതമാക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.