അബുദബി: ദേശീയദിനത്തില്‍ വി.പി.എസ് ഹെല്‍ത്ത്‌കെയറിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി രാജ്യത്തിന്റെ ആരോഗ്യമേഖലക്ക് സമര്‍പ്പിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ ഭരണാധികാരികള്‍ക്കൊപ്പം ഒറ്റക്കെട്ടായി പ്രയത്‌നിക്കുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു 400 കിടക്കകളുള്ള മെഡിക്കല്‍ സിറ്റി തുറന്നത്. അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ആകര്‍ഷണീയമായ ലേസര്‍ ഷോയോടെയായിരുന്നു മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവ്. 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മെഡിക്കല്‍ സിറ്റിക്കു മുകളില്‍ ലേസര്‍ വെളിച്ചത്തില്‍ യു.എ.ഇയുടെ പതാകയും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും രൂപങ്ങളും ദൃശ്യമായി. വെല്ലുവിളികളെ നേരിടാന്‍ സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ തയാറായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അഭിവാദ്യങ്ങളും നന്ദിയും അക്ഷരങ്ങളായി തെളിഞ്ഞു.
യു.എ.ഇയിലെ അര്‍ബുദ ചികിത്സാരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി.പി.എസ് ഹെല്‍ത്ത്‌കെയറിന്റെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെറിഷ്യറി -ക്വാടര്‍നറി ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മെഡിക്കല്‍ സിറ്റിയില്‍ അര്‍ബുദ ചികിത്സാരംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം ലഭ്യമാകും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള അര്‍ബുദ ചികിത്സ, ദീര്‍ഘകാല പരിചരണത്തിനും പാലിയേറ്റിവ് കെയറിനുമായി പ്രത്യേക വിഭാഗങ്ങള്‍ എന്നിവ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലുണ്ട്. കാന്‍സര്‍ ജീനോമിക്‌സ് ഗവേഷണരംഗത്തെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായി മെഡിക്കല്‍ സിറ്റി മാറും. അത്യാധുനിക റേഡിയോ തെറപ്പി, റേഡിയോ സര്‍ജറി ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ള അത്യാധുനിക ലബോറട്ടറിയും സജ്ജീകരിച്ചിട്ടുണ്ട്.