ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നല്‍കി മുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ് സംഭവം. ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടനില്‍ നിന്നെത്തിയവരാണ് തെറ്റായാ വിവരങ്ങള്‍ നല്കിയെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. പുതിയ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒരുമാസത്തിനിടെ എത്തിയവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ബ്രിട്ടനില്‍ നിന്ന് 33000 ഇന്ത്യക്കാര്‍ തിരികെയെത്തിയെന്നാണ് കണക്ക്. ഇവരെ അന്വേഷിച്ച് പോയപ്പോഴാണ് പലരുടേയും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്.
വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേര്‍ തെറ്റായ മേല്‍വിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്‌കില്‍ നല്‍കിയത്. ഒളിവില്‍ പോയവരെല്ലാം ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി വ്യക്തമാക്കി. ബ്രിട്ടനില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.




















