സംപൗളോ: ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചിരിന്നു. ബോള്‍സൊനാരോയുടെ പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെയാണ് ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായത്. ബ്രസീല്‍ പ്രഥമ വനിത മിഷേല്‍ ബോള്‍സൊനരോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം കോവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് മിഷേല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ജെയര്‍ ബോള്‍സൊനാരോയും പരിപാടിയില്‍ പങ്കെടുത്തു. ഇരുവരും മാസ്‌ക്ക് ധരിച്ചിരുന്നു. ജൂലൈ ഏഴിനായിരുന്നു പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രോഗത്തെ നിസാരവല്‍ക്കരിച്ച പ്രസിഡന്റായിരുന്നു ഇദ്ദേഹം. ഇത്തരത്തിലുളള നിലപാടിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ബോള്‍സൊനാരോ മന്ത്രിസഭയിലെ അഞ്ച് പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളള രാജ്യമാണ് ബ്രസീല്‍. 69,074 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.5 മില്ല്യണ്‍ ആയി ഉയര്‍ന്നു. ഇതുവരെ 90,000 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.











