എന്തും തുറന്നു പറയുന്നതിനുളള പൂര്‍ണ സ്വാതന്ത്ര്യമല്ല ഇന്ത്യന്‍ ഭരണഘടനയിലെ അര്‍ട്ടിക്കിള്‍ 19 പ്രകാരമുളള അഭിപ്രായം സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നതെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് മുംബൈ പല്‍ഘര്‍ പോലീസ് കേസെടുത്ത യുവതിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. സുനൈന ഹോളിയെന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പ്രസാതാവന നടത്തിയത്.അതേസമയം ആര്‍ട്ടിക്കില്‍ 19 ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം റദ്ദ് ചെയ്യപ്പെടുകയാണെന്ന് സുനൈനയുടെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനുളള ഒരു പൗരന്റെ അവകാശം പരമമായ ഒന്നല്ലെന്ന് കോടതി പറഞ്ഞു. ഒരു നിയന്ത്രണവുമില്ലാത്ത ഒരു പരമമായ ഒരു അവകാശമാണിതെന്ന ധാരണയാണ് പൗരന്മാര്‍ക്കുളളതെന്ന് കോടതി നിരീക്ഷിച്ചു.
സംഭവത്തെ തുടര്‍ന്ന് മൂന്ന് എഫ്‌ഐആറുകളാണ് വിവിധ സ്‌റ്റേഷനുകളിലായി സുനൈനയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണത്തിന് സുനൈന സഹകരിക്കുന്നില്ലെന്നാണ് മുംബൈ പോലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ അറസ്റ്റുണ്ടാകുമെന്ന ഭയത്താലാണ് സ്‌റ്റേഷനില്‍ ഹാജരാകാത്തതെന്ന് സുനൈനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം സുനൈന ചോദ്യം ചെയ്യലിന് സഹകരിക്കണമെന്നും അടുത്ത രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ഉണ്ടാകില്ലെന്നും ജസ്റ്റിസ് എസ്.എന്‍ ഷിന്‍ഡെ, എം.എസ് കര്‍ണിക് എന്നിവരടങ്ങിയ ബഞ്ച് ഉറപ്പ് നല്‍കി.