ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനങ്ങളും.
വാക്‌സിന്‍ എത്തിയാല്‍ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കും എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനം. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത്. പളനിസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ തെരഞ്ഞെടുപ്പും കൂടിയാണ് ഇത്.
സമാന പ്രഖ്യാപനവുമായാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തിയിരിക്കുന്നത്. വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തയ്യാറാകുമ്പോള്‍ ഉടന്‍ മധ്യപ്രദേശില്‍ എത്തിക്കുമെന്നുമാണ് ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
അതേസമയം സൗജന്യ വാക്‌സിന്‍ വാഗ്ദാനവുമായി ബീഹാറിലെ ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
ഇതിനെതിരെ കോണ്‍ഗ്രസും ആര്‍ജെഡിയും അടക്കമുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കോവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിനു പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കാണുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി എന്ന് കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ ജെയ്‌വീര്‍ ഷെര്‍ഗില്‍ വിമര്‍ശിച്ചു. വാക്‌സിന്‍ ബിജെപിയുടേതല്ല രാജ്യത്തിന്റെതാണ് എന്നായിരുന്നു ആര്‍ജെഡിുടെ പ്രതികരണം.