തിരുവനന്തപുരം: കേരളത്തിലെ ബിജെപി ഘടകത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എം വേലായുധന്‍ രംഗത്തെത്തി. പദവി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് ആരോപണം. ബിജെപി നേതാവ് ശോഭ സുരേന്ദ്രനും നേരത്തെ കെ.സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു.
“മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധ സദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചു നിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്” – വേലായുധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടന്ന വോട്ടിങ്ങില്‍ സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും എന്നാല്‍ നിരവധി തവണ സുരേന്ദ്രനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും പി.കെ വേലായുധന്‍ പറയുന്നു.











