തിരുവനന്തപുരം: ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂര്‍ ഭക്ഷണം പോലും നല്‍കാതെ തടഞ്ഞുവെച്ചുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്ഥലത്തെത്തി. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. നിയമപരമായ സ്ഥാപനമായതിനാല്‍ നോട്ടീസ് കൈപ്പറ്റിയതായി സത്യവാങ്മൂലം നല്‍കണമെന്ന് കമ്മീഷന്‍ അധികൃതര്‍ ഇ.ഡിയോട് ആവശ്യപ്പെട്ടു.
ഇന്നലെയാണ് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെത്തിയത്. 26 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങി. ബിനീഷിന്റെ ഭാര്യയെയും കുട്ടിയെയും കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്നാണ് വീട്ടിനുള്ളിലെ ബിനീഷിന്റെ കുട്ടിയേയും ബന്ധുവിനെയും പുറത്തിറങ്ങാന്‍ അനുവദിച്ചത്.