ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും ബിഹാറില്‍ പരാജയപ്പെടാനുണ്ടായ കാരണം അന്വേഷിക്കുന്നതേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു ബദലായി കാണുന്നില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമാവുകയാണെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദികളില്ലെന്നും അതിനാല്‍ ആശങ്ക പരസ്യപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ തെരഞ്ഞെടുത്തില്‍ മഹാസഖ്യത്തിന്റഎ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് വലിയ പരാജയമായിരുന്നു ഏറ്റത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ചെങ്കിലും 19 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. എന്നാല്‍ ആര്‍ജെഡി 75 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷി ആവുകയും തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കുകയും ചെയ്തു.
ബിഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വിക്ക് പ്രധാന കാരണം കോണ്‍ഗ്രസിന്റെ പ്രകടനമാണെന്ന വിമര്‍ശനവുമായി ഇടതുപാര്‍ട്ടിയായ സിപിഐഎംഎല്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷം മത്സരിച്ച 20 സീറ്റുകളില്‍ 12 ലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയിരുന്നു.