കെപി സേതുനാഥ്
ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തില്‍ ബിജെപി-യുടെ കാര്‍മികത്വത്തിലുള്ള എന്‍ഡിഎ മുന്നണി അധികാരത്തിലെത്തിയത് ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരെയും, പ്രവര്‍ത്തിക്കുന്നവരെയും നിരാശപ്പെടുത്തുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒറ്റനോട്ടത്തില്‍ അത് ശരിയാണെന്നു തോന്നുമെങ്കിലും കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കുകയാണെങ്കില്‍ അത്രയധികം നിരാശപ്പെടേണ്ടതില്ലെന്നു ബോധ്യമാവും. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ-മുന്നണി അനായാസ വിജയം നേടുമെന്നായിരുന്നു പൊതുവെയുള്ള ധാരണ. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേകളും, സ്ഥിരം വിദഗ്‌ധരും നല്‍കിയ സൂചനകളും അതായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി-രൂപം കൊടുത്ത മഹാസഖ്യം തരംഗം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ആര്‍ജെഡിക്കു പുറമെ കോണ്‍ഗ്രസ്സും, സിപിഐ, സിപിഎം, സിപിഐ-എംഎല്‍ തുടങ്ങിയ ഇടതു പാര്‍ടികളും ചേര്‍ന്നതായിരുന്നു മഹാസഖ്യം. അവസാനഘട്ട വോട്ടെടുപ്പിനുശേഷം പുറത്തുവന്ന എക്‌സിറ്റു പോള്‍ ഫലങ്ങളും മഹാസഖ്യം വിജയസാധ്യതകളിലേക്കു വിരല്‍ ചൂണ്ടിയതോടെയാണ് ബിജെപി വിരുദ്ധശക്തികള്‍ ബീഹാറിലെ ഫലത്തെ പറ്റി ആത്മവിശ്വാസം പ്രകടിപ്പിക്കുവാന്‍ തുടങ്ങിയത്. ഈയൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മഹാസഖ്യം വിജയം നേടിയില്ലെന്ന വസ്‌തുത അത്രയധികം നിരാശപ്പെടുത്തേണ്ടതില്ല. അതേസമയം, ആക്രമണോത്സുകമായ ഹിന്ദുരാഷ്ട്രീയത്തിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം അധികം ആഹ്‌ളാദിക്കാനുള്ള വകയൊന്നും ഈ തെരഞ്ഞെടപ്പില്‍ നിന്നും ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
രാഷ്ട്രീയ ഹൈന്ദവികതയുടെ സ്ഥാപനത്തിന് തീവ്രത പകരുന്ന 3-4 നയങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം ഒരു പ്രധാന സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ നടക്കേണ്ടിയിരുന്ന ധ്രുവീകരണം ഹിന്ദു വര്‍ഗീയവാദികള്‍ വിചാരിച്ചതുപോലെ നടന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തലില്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന. കാശ്‌മീരിന്റെ പ്രത്യേക അവകാശം റദ്ദുചെയ്യല്‍, ബാബ്‌റി മസ്‌ജിദിനു പകരം രാമക്ഷേത്രം പണിയുന്നതിനുള്ള അനുമതി, പൗരത്വ ഭേദഗതി നിയമം, ട്രിപ്പിള്‍ തലാക്ക് നിയമം തുടങ്ങിയ സംഘപരിവാറിന്റെ സുപ്രധാന അജന്‍ഡകള്‍ നടപ്പിലാക്കിയതിനു ശേഷവും രാഷ്ട്രീയ ഹൈന്ദവവാദികള്‍ വിചാരിക്കുന്ന തരത്തിലുള്ള ധ്രുവീകരണം ഉണ്ടായില്ലെന്ന വസ്‌തുത ഒട്ടും അവഗണിക്കാവുന്നതല്ല. സംഘപരിവാരിന്റെ പ്രിയപ്പെട്ട അജന്‍ഡകള്‍ മിക്കവാറും നിറവേറിക്കഴിഞ്ഞിട്ടും അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള അണിനിരക്കല്‍ ഉണ്ടാകുന്നില്ലെന്നതാണ് രാഷ്ട്രീയ ഹൈന്ദവികതയുടെ പ്രമാണിമാരെ അലട്ടുന്ന വിഷയം.
തൊഴില്‍ ഇല്ലായ്‌മ സാമ്പത്തിക-സാമൂഹ്യവുമായ മറ്റു അസമത്വങ്ങള്‍ എന്നിവയില്‍ ഊന്നിയ തേജസ്വി യാദവിന്റെ പ്രചാരണം പ്രസക്തമാവുന്നതിന്റെ പശ്ചാത്തലം ഇതാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരിമിതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ദൈനദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും, കാലങ്ങളായി അവര്‍ അനുഭവിക്കുന്ന സാമൂഹിക മര്‍ദ്ദനങ്ങളും ഒരുമിച്ചു ചേര്‍ത്തുകൊണ്ടുള്ള രാഷ്ട്രീയത്തിന് വര്‍ഗീയ ധ്രുവീകരണത്തെ നിര്‍വീര്യമാക്കുന്നതിനുള്ള ശേഷി വെളിപ്പെടുത്തുന്നതായിരുന്നു തേജസ്വിയുടെ പ്രചാരണം. ആര്‍ജെഡി പ്രതിനിധാനം ചെയ്യുന്ന പിന്നോക്കജാതി വിഭാഗക്കാരുടെ രാഷ്ട്രീയത്തിന്റെ പതിവ് അതിര്‍വരമ്പുകളെ ലംഘിക്കുന്ന പ്രചാരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനുളള ബിജെപി-യുടെ തന്ത്രങ്ങളെ ഒരു പരിധിവരെ നിര്‍വീര്യമാക്കുവന്‍ തേജസ്വിയുടെ മഹാസഖ്യത്തിനു കഴിഞ്ഞുവെന്നാണ് ബീഹാറില്‍ നിന്നുള്ള റിപോര്‍ടുകള്‍ നല്‍കുന്ന സൂചന. തൊഴില്‍ ഇല്ലായ്‌മ, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള തേജസ്വിയുടെ പ്രചാരണം ഭൂരിഭാഗം ജനങ്ങളിലും ഉണ്ടാക്കിയ അനുരണനങ്ങളിലാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ രാഷ്ട്രീയ ഹൈന്ദവികതക്ക് എതിരായ ബദലുകളുടെ സാധ്യതകള്‍ കുടികൊള്ളുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാനപ്പെട്ട പാഠവും അതാണ്.
തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉയര്‍ന്നുവന്ന ഈ ബദല്‍ സാധ്യതകളെ എങ്ങനെ പരിപോഷിപ്പിക്കുമെന്നതാണ് ബിജെപി ഇതര രാഷ്ട്രീയകക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരമൊരു പ്രക്രിയയില്‍ കോണ്‍ഗ്രസ്സിനെപ്പോലുള്ള കക്ഷികള്‍ക്ക് എന്തു പങ്കുവഹിക്കാനാവും എന്നു പരിശോധിക്കേണ്ടതുണ്ട്. സാമൂഹ്യമായും, സാമ്പത്തികമായും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം പ്രതിനിധാനം ചെയ്യുന്ന പ്രമാണിവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു പ്രക്രിയ ആണ് അത്തരം ബദലുകളുടെ ആവിര്‍ഭാവത്തില്‍ അന്തര്‍ലീനമായ വസ്‌തുത. ഈ വൈരുദ്ധ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് മഹാസഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണ്ണയിക്കുക. സിപിഐ-എംഎല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ബ്ലോക് ഈ വൈരുദ്ധ്യങ്ങളെ എങ്ങനെ സമീപിക്കുമെന്ന വിഷയവും സുപ്രധാനമാണ്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യുണറ്റൈഡ്) മുന്നണിയിലെ രണ്ടാം കക്ഷിയായി മാറിയതിന്റെ സംഘര്‍ഷങ്ങള്‍ എന്‍ഡിഎ മുന്നണിയിലും പ്രത്യക്ഷപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജെഡി-യുവിനെ ക്രമേണ ഇല്ലാതാക്കുന്ന ബിജെപി-യുടെ തന്ത്രത്തെ നിതീഷ് കുമാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നതിനുള്ള സാധ്യത ഏതായാലും ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന്റെ ഉത്സാഹത്തിമിര്‍പ്പിനു പകരം ഗു്‌ഢമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാവും ഈ വൈരുദ്ധ്യങ്ങള്‍ കൂടുതലും പ്രകടമാവുക.