റാഞ്ചി: ഭീമ-കൊറേഗാവ് കേസില്‍ എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം. മലയാളികളായ സ്റ്റാന്‍ സ്വാമിയും ഹാനി ബാബുവും ഉള്‍പ്പെടെ പ്രതികളാണ്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി. ആനന്ദ് തെല്‍തുബ്ദെ, ഗൗതം നവലേഖ സാഗര്‍ ഗോവെ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെയാണ് കുറ്റപത്രം.
മലയാളി ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. അഞ്ച് പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. 83 കാരനായ ഇദ്ദേഹത്തെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കേസില്‍ തടങ്കലിലാക്കുന്ന ഏറ്റവും പ്രായം കൂടിയയാളാണ് സ്റ്റാന്‍ സ്വാമി. ഇദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിരവധി ഇടതുപക്ഷ എഴുത്തുകാരും ആക്ടിവിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്.
2018 ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 1818-ല്‍, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചെറിയൊരു ഗ്രാമമായ ഭീമ കൊറേഗാവില്‍ ബ്രിട്ടീഷുകാരും പേഷ്വയുടെ പട്ടാളവും തമ്മില്‍ നടന്ന യുദ്ധത്തെ അനുസ്മരിക്കുന്ന യോഗം സംഘര്‍ഷാഭരിതമാകുകയായിരുന്നു. യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കുറച്ചുപേര്‍ മരിച്ചു. സംഘര്‍ഷത്തിന് പിന്നില്‍ ഇടതുപക്ഷ നക്‌സല്‍ വിഭാഗങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പോലീസ് വെളിപ്പെടുത്തിയിരുന്നു. കേസില്‍ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും രണ്ടുവര്‍ഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. വരവരറാവു, സുധ ഭരദ്വാജ്, അരുണ്‍ ഫാരേറിയ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍.