സുധീര്‍ നാഥ്
രണ്ടു മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് വേണ്ടി ജനങ്ങള്‍ ഒഴികി എത്തുകയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടു വന്ന പബ്ലിക്ക് സേഫ്റ്റി ബില്ലും, ട്രേയ്‌സ് ഡിസ്പ്യൂട്ട് ആക്റ്റും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇന്ത്യന്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേയ്ക്ക് ഇങ്കുലാബ് സിന്ദാബാദ് എന്ന് വിളിച്ച് ബോംബ് വലിച്ചെറിഞ്ഞു. ഈ കുറ്റം ചുമത്തിയാണ് ഭഗത് സിംഗിനെ ലാഹോര്‍ ജയിലില്‍ ബ്രിട്ടീഷ് പട്ടാളം 23 വയസില്‍ തൂക്കി കൊന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഭഗത് സിംഗ് ആവേശമാണ്. രക്തസാക്ഷിയായ ഭഗത് സിംഗിന്റെ സഹോദരി ബീബി പ്രകാശ് കൗറിന്റെ മകള്‍ കുടുംബ സമേതം കഴിഞ്ഞ കുറേ നാളുകളായി സമരവേദിയില്‍ തന്നെ ഉണ്ട്.
ഗാസിപൂരിലെ സമരവേദിയില്‍ വെച്ച് ഗുര്‍ജിത് കൗര്‍ ദത്തിനെ കണ്ടുമുട്ടിയ ഗള്‍ഫ് ഇന്ത്യന്‍സ് പ്രതിനിധികളുമായി അവരുടെ വീക്ഷണം വിശദീകരിക്കുകയുണ്ടായി. പഞ്ചാബ് സംസ്ഥാനത്തിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ അംബാല ജാട്ടന്‍ ഗ്രാമത്തിലെ സര്‍പഞ്ച് അഥവാ പഞ്ചായത്ത് പ്രസിഡന്റാണ് ഗുര്‍ജിത് കൗര്‍ ദത്ത്. സമരത്തിന് പിന്തുണയുമായി എത്തിയ അവര്‍ സര്‍ക്കാര്‍ നിരത്തിയ ബാരിക്കേഡുകളും, കോണ്‍ക്രീറ്റ് ബ്ലോക്കുകളും , കമ്പി വേലികളും ചൂണ്ടി ചോദിക്കുന്നത് ഇത് യുദ്ധഭൂമി ആണോ എന്നാണ്. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ പോലും ഇത്രയേറെ സുരക്ഷിതത്വം ഉണ്ടാകില്ല എന്ന് അവര്‍ പറയുന്നു. സര്‍ക്കാര്‍ സ്വന്തം ജനതയുടെ, അതും രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരെ തടയുന്നതിനു വേണ്ടി നടത്തുന്ന നടപടികള്‍ രാജ്യത്തിനുതന്നെ അപമാനമാണെന്ന് അവര്‍ പറഞ്ഞു.
രാജ്യത്തെ കുട്ടികള്‍ പോലും ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്ന മൂന്ന് കര്‍ഷക ബില്ലിനെ കുറിച്ചും, പുതിയ ബില്ലുകള്‍ കര്‍ഷകരെ എങ്ങിനെ ബാധിക്കും എന്നും അറിയാം. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും ബില്ലിനെതിരെ സമര മുഖത്താണ്. ഇത്രവലിയ ജനകീയ സമരത്തിന് ശേഷവും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കില്ല എന്ന സര്‍ക്കാരിന്റെ കടുംപിടുത്തം തികച്ചും ജനവിരുദ്ധമാണ്. ജനങ്ങളാണ് പരമാധികാരികള്‍ എന്ന് പറയുകയും അവര്‍ക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്നതിന് വലിയ വില കൊടുക്കേണ്ടി വരും.
ചെങ്കോട്ട സ്വകാര്യ മേഖലയ്ക്ക് വാടക തീറെഴുതി കൊടുത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ അപമാനിച്ചു എന്ന് പറയാന്‍ അവര്‍ക്ക് എന്ത് ധാര്‍മികതയാണ് ഉള്ളത് എന്ന് ഗുര്‍ജിത്ത് കൗര്‍ ചോദിക്കുന്നു. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് കീഴെ കെട്ടിയത് നിഷാന്‍ സാഹിബ് ആണ് പറത്തിയത്. അതിര്‍ത്തികളിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ സിഖ് റജിമെന്റിലും മറ്റും സൈനികര്‍ ഉയര്‍ത്തുന്നതും ഇതേ പതാകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റേ ശക്തിയുടേയും, ശൗര്യത്തിന്റേയും അടയാളമാണെന്ന് പറയുന്ന നിഷാന്‍ സാഹിബ് എങ്ങിനെ ചെങ്കോട്ടയില്‍ വഞ്ചനയുടെ അടയാളമാകുന്നത്….?
ഭഗത് സിംഗ് പറഞ്ഞത് സഹോദരി പുത്രി കൂടിയായ ഗുര്‍ജിത് കൗര്‍ ദത്ത് ആവര്‍ത്തിച്ചു.
സമരം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നതല്ല. നമ്മുടെ ലക്ഷ്യം നേടാന്‍ പൊരുതി കൊണ്ടിരിക്കണം.