അബുദാബി: കടല്‍ത്തീരങ്ങളില്‍ വിഷമുള്ള കടല്‍പാമ്പുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ നിര്‍ദേശം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ തണുപ്പുള്ള കാലങ്ങളില്‍ യു.എ.ഇ തീരങ്ങളില്‍ കടല്‍ പാമ്പുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. തീരത്ത് കുടുങ്ങിക്കിടക്കുന്ന പാമ്പുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അവയെ കൈകാര്യം ചെയ്യരുതെന്നും ബീച്ചുകളില്‍ പതിപ്പിച്ച നോട്ടീസിലൂടെ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മഞ്ഞവരയുള്ള പെലാമിസ് പ്ലാറ്ററസ് എന്ന കടല്‍പാമ്പാണ് യു.എ.ഇയിലെ സമുദ്രത്തില്‍ കാണപ്പെടുന്നത്. ശൈത്യകാലത്ത് സാധാരണയായി കാണപ്പെടുന്ന ഇവയുടെ കടിയേല്‍ക്കുന്നത് മാരകമായേക്കാം. രണ്ട് മീറ്റര്‍ വരെ നീളത്തില്‍ വളരുന്നവയാണിവ. അറേബ്യന്‍ ഗള്‍ഫ് കടല്‍പാമ്പ്, മഞ്ഞവരയുള്ള കടല്‍പാമ്പ്, അലങ്കരിച്ച റീഫ് കടല്‍പാമ്പ് എന്നിവയാണ് യു.എ.ഇയില്‍ കാണുന്ന മറ്റു കടല്‍പാമ്പുകള്‍.
വിഷമേറ്റാല്‍ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും രക്തം ശരിയായി കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. 22 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്ത താപനിലയാണ് കടല്‍പാമ്പുകള്‍ ഇഷ്ടപ്പെടുന്നത്. തണുപ്പ് അനുഭവപ്പെടുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളില്‍ ഒട്ടേറെ കടല്‍ ജീവികള്‍ ആഴമില്ലാത്ത തീരപ്രദേശങ്ങളില്‍ ഇണചേരാനെത്തുന്നു. താപനില വീണ്ടും ഉയരുന്നതിനാല്‍ വേനല്‍ക്കാലത്ത് ആഴക്കടലിലേക്ക് ഇവ പിന്‍വാങ്ങും.


















