തിരുവനന്തപുരം: ബാര്‍ കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയത്. ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും.
അതേസമയം ഇവര്‍ക്കെതിരായ അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും ഉത്തരവിറങ്ങാന്‍ ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്കും മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടത്തല്‍.
ബാര്‍ കോഴയില്‍ മുന്‍മന്ത്രി കെ.എം മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. എന്നാല്‍ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്.