കോട്ടയം: ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തതായി ബിജു രമേശ്. എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി പറഞ്ഞു. ജോണ്‍ കല്ലാട്ടിന്റെ ഫോണില്‍ നിന്നാണ് ജോസ് കെ മാണി വിളിച്ചത്. മറ്റ് ബാറുടമകളും ഉണ്ടായിരുന്നു. ഈ ആരോപണത്തെ തുടര്‍ന്നാണ് കെ.എം മാണിയുടെ എല്‍ഡിഎഫ് പ്രവേശനം നടക്കാതെ പോയത്. ബാര്‍ ലൈസന്‍സ് ഫീ കൂട്ടാതെ 10 കോടി രൂപ പിരിച്ചു. മുന്‍മന്ത്രി ബാബു ആവശ്യപ്പെട്ട പ്രകാരം കെപിസിസി നേതാക്കള്‍ക്കും നല്‍കി. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
എന്നാല്‍, ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് ജോസ് കെ മാണി പറഞ്ഞു. തെളിവില്ലാത്ത നീചമായ ആരോപണമാണിത്. തന്റെ പിതാവിനെതിരെ ഉന്നയിച്ചതിന് സമാനമാണ് ഇപ്പോള്‍ തനിക്കെതിരെ ബിജുരമേശ് നടത്തുന്നത്. ഇതുവരെ ഉന്നയിക്കാത്ത ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പിതാവിനെ വേട്ടയാടിയവര്‍ തന്നെയും പിന്തുടരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം, ജോസ് കെ മാണി തന്റെ ഫോണില്‍ നിന്നും ബിജു രമേശിനെ വിളിച്ചുവെന്നത് ശരിയെന്ന് ജോണ്‍ കല്ലാട്ട് വെളിപ്പെടുത്തി. എന്താണെന്ന് പറഞ്ഞതെന്ന് ഓര്‍മയില്ല. സംസാരിച്ചത് ബാര്‍ കോഴ വിഷയമെന്നും കല്ലാട്ട് പറഞ്ഞു.