കെ.അരവിന്ദ്
സ്വര്‍ണാഭരണങ്ങള്‍ പോലെ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുന്നതിന് പകരം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകളില്‍ നിങ്ങളുടെ വില പിടിപ്പുള്ള വസ്തുക്കള്‍ എത്രത്തോളം സുരക്ഷിതമാണ്? ബാങ്ക് ലോക്കറുകളിലാണ് വെച്ചിരിക്കുന്നതെന്നതു കൊണ്ടു മാത്രം അവ യാതൊരു കേടുപാടും കൂടാതെ തിരികെ ലഭിക്കുമെന്നോ എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ തതുല്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നോ ഉറപ്പുണ്ടോ?
അത്തരത്തില്‍ നൂറ് ശതമാനം ഉറപ്പില്ലെന്നതാണ് വാസ്തവം. ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ പ്രകൃതിദുരന്തത്തില്‍ നഷ്ടപ്പെടുകയോ കവര്‍ച്ച ചെയ്യപ്പെടുകയോ ചെയ്താല്‍ ബാങ്കുകള്‍ ഉത്തരവാദിയല്ലെന്നാണ് റിസര്‍വ് ബാങ്ക് 2017ല്‍ വ്യക്തമാക്കിയിട്ടുള്ളത്. ലോക്കറുകളുടെ കാര്യത്തില്‍ കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധമാണ് ബാങ്കും ഉപഭോക്താവും തമ്മിലുള്ളതെന്നാണ് റിസര്‍വ് ബാങ്കിന്റെയും ചില ബാങ്കുകളുടെയും വിശദീകരണം. അതായത് കെട്ടിടത്തിലെ വസ്തുക്കള്‍ക്ക് കേടുപാട് വന്നാല്‍ കെട്ടിട ഉടമസ്ഥന്‍ ഉത്തരവാദിയല്ലെന്നത് പോലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്തം ബാങ്കിനില്ല.
ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്തം ബാങ്കിനില്ലെങ്കില്‍ പിന്നെന്തിന് ലോക്കര്‍ വാടകയ്ക്കെടുക്കണമെന്നും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യം ഉപഭോക്താക്കളുടെ മനസില്‍ തോന്നാം. സ്വര്‍ണം പോലുള്ള സാധനങ്ങളാണെങ്കില്‍ പണയപ്പെടുത്തി വായ്പയെടുക്കുന്നതാകുമല്ലോ നല്ലതെന്നും തോന്നാം. പണയപ്പെടുത്തിയ സാധനങ്ങള്‍ ഏത് പ്രകൃതിദുരന്തത്തില്‍ നഷ്ടപ്പെട്ടാലും കവര്‍ച്ച ചെയ്യപ്പെട്ടാലും നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം ബാങ്കിനുണ്ടല്ലോ.
എന്നാല്‍ സ്വന്തം വീട്ടില്‍ സൂക്ഷിക്കുന്നതിന് തുല്യമാകില്ല ബാങ്കിലെ സുരക്ഷ. സ്വര്‍ണവായ്പയുടെ പലിശ ബാങ്ക് ലോക്കറിന് നല്‍കേണ്ട പ്രതിവര്‍ഷ വാടകയേക്കാള്‍ ഉയര്‍ന്നതുമാണ്. സുപ്രധാനമായ രേഖകള്‍ കൈവശമുണ്ടെങ്കില്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയേ തീരൂ. അതുകൊണ്ടു തന്നെ പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പില്ലെങ്കിലും ബാങ്ക് ലോക്കറുകള്‍ തന്നെയാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉചിതം. അതേസമയം ബാങ്ക് ലോക്കറുകള്‍ എടുക്കാന്‍ തുനിയുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വാടക നല്‍കി ബാങ്ക് ലോക്കറുകള്‍ നിലനിര്‍ത്തുന്നതിന് അതിന്റേതായ ചിലവുണ്ട്. ലോക്കറിന്റെ വലിപ്പത്തിന്റെയും ബാങ്ക് ശാഖ എവിടെ സ്ഥിതി ചെയ്യുന്നുവെന്നുവെന്നതിന്റെയും അടിസ്ഥാനത്തിലാണ് വാടക നിശ്ചയിക്കപ്പെടുന്നത്. ഉദാഹരണത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നഗരപ്രദേശങ്ങളില്‍ ചെറിയ വലിപ്പത്തിലുള്ള ലോക്കറുകള്‍ക്ക് പ്രതിവര്‍ഷ വാടകയായി ഈടാക്കുന്നത് 1500 രൂപയും ജിഎസ്ടിയുമാണ്. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും ജിഎസ്ടിയുമാണ് വാടക. അതേസമയം വലിയ ലോക്കറുകള്‍ക്ക് 9000 രൂപയും ജിഎസ്ടിയും ഈടാക്കുന്നുണ്ട്.
ലോക്കര്‍ എടുക്കുമ്പോള്‍ രജിസ്ട്രേഷന്‍ ചാര്‍ജും നല്‍കേണ്ടതുണ്ട്. ലോക്കറിന്റെ വലിപ്പത്തിന് അനുസരിച്ച് ചാര്‍ജ് വ്യത്യസ്തമായിരിക്കും. വാടക നല്‍കുന്നത് വൈകിയാല്‍ പിഴ നല്‍കേണ്ടി വരും. 40 ശതമാനം വരെയാണ് പിഴ ഈടാക്കുന്നത്. ചില ബാങ്കുകള്‍ ലോക്കര്‍ സേവനം ലഭ്യമാകുന്നതിന് സ്ഥിരനിക്ഷേപം നടത്തുകയോ യുലിപില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതിന് ആവശ്യപ്പെടാറുണ്ട്. പക്ഷേ ഇത്തരം നിബന്ധന വെയ്ക്കുന്നത് റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ്.
ബാങ്ക് ലോക്കറുകള്‍ക്ക് രണ്ട് താ ക്കോലുകളുണ്ടാകും. ലോക്കര്‍ ഉടമയ്ക്ക് ഒരു താക്കോല്‍ മാത്രമാണ് ലഭിക്കുക. മറ്റേ താക്കോല്‍ ബാങ്കിന്റെ കൈവശമായിരിക്കും. ലോക്കര്‍ ഉടമയുടെ കൈവശമുള്ള താക്കോല്‍ ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെടുകയാണെങ്കില്‍ പുതിയ താക്കോല്‍ ബാങ്ക് നല്‍കാറുണ്ട്. പക്ഷേ സര്‍വീസ് ഫീസും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ 3000 രൂപ വരെ ഇതിന് ബാങ്കുകള്‍ ഈടാക്കാറുണ്ട്.
ബാങ്കുകളുടെ ആധുനിക ലോക്കറുകള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കാലോചിതമായി പരിഷ്‌കരിക്കാറുണ്ട്. ബാങ്ക് നല്‍കുന്ന സുരക്ഷ സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഉപഭോക്താവിന് ചോദിച്ചു മനസിലാക്കാവുന്നതാണ്.
മൂല്യവത്തായ വസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇന്‍ഷുറന്‍സി ന്റെ മാര്‍ഗം കൂടി സ്വീകരിക്കാവുന്നതാണ്. ലോക്കറിലെ മൂല്യവത്തായ വസ്തുക്കള്‍ കള വ് പോവുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ പരിരക്ഷ നല്‍കുന്ന പോളിസികളുണ്ട്. അതേ സമയം ലോക്കറില്‍ സൂക്ഷിക്കുന്ന പണത്തിന് ഇത്തരത്തിലുള്ള പരിരക്ഷ ലഭിക്കില്ല. പോളിസിയെടുക്കുമ്പോള്‍ എ ന്തൊക്കെ സാധനങ്ങളാണ് കൈവശമുള്ളതെന്നതിന്റെ പട്ടിക നല്‍കണം. ആഭരണങ്ങളുടെ മൂല്യം 10 ലക്ഷം രൂപ യ്ക്ക് മുകളിലാണെങ്കില്‍ വിലനിര്‍ണയം നടത്തേണ്ടിവരും. ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയത്തിന് പുറമെ ആഭരണങ്ങളുടെ വിലയുടെ ഒരു ശതമാനമോ ഒന്നര ശതമാനമോ അധിക പ്രീമിയമായി നല്‍കണം.