തിരുവനന്തപുരം: പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. നേരത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അണുവിമുക്തമാക്കാന്‍ ക്രൈംബ്രാഞ്ച് ഓഫീസും ഒരാഴ്ച്ച അടച്ചിട്ടിരുന്നു.
അതേസമയം, സംസ്ഥാനത്ത് അമ്പത് വയസ്സ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. 50 വയസ്സിന് താഴെയുള്ള രോഗബാധിതരായ ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് പോലീസ് വകുപ്പ്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ ആദ്യമായാണ് വൈറസ് ബാധയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനുകള്‍ അടച്ചിടേണ്ട അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പൊലീസുകാര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. താഴ്ന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പാടില്ലെന്ന് ഡി.ജി.പി നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.