ബംഗളൂരു ടെക്ക് സമ്മിറ്റ് 2020 യ്ക്ക് നവംബര്‍ 19ന് തുടക്കമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. നവംബര്‍ 21 വരെയാണ് ബംഗളൂരു ടെക് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക ഗവണ്‍മെന്റിനോടൊപ്പം, കര്‍ണാടക ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സൊസൈറ്റി, ബയോടെക്‌നോളജി, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി& സ്റ്റാര്‍ട്ടപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കര്‍ണാടക ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പ്രത്യേക വിഷന്‍ ഗ്രൂപ്പ്, സോഫ്റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ, എംഎം ആക്ടീവ് സൈ -ടെക് കമ്മ്യൂണിക്കേഷന്‍ എന്നിവ ചേര്‍ന്നാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, സ്വിസ് കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രമുഖര്‍ ബംഗളൂരു ടെക് ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ, ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, നൂതനാശയ വിദഗ്ധര്‍, നിക്ഷേപകര്‍, നയ രൂപ കര്‍ത്താക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
‘നെക്സ്റ്റ് ഈസ് നൗ'(next is now) എന്നതാണ് ഈ വര്‍ഷത്തെ ആശയം. കോവിഡാനന്തര ലോകത്തു ഉയര്‍ന്നുവരുന്ന പ്രധാന വെല്ലുവിളികള്‍, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ്, ജൈവസാങ്കേതികവിദ്യ,എന്നീ മേഖലകളില്‍ നൂതനാശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സ്വാധീനം എന്നിവയില്‍ വിശദമായ ചര്‍ച്ച നടക്കും.



















