ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധി പറയും. പള്ളി പൊളിച്ച കേസും ഗുഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഉള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോട് ബുധനാഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ പ്രതികളായ ഉമാഭാരതി, കല്യാണ്‍ സിംഗ് എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ എത്രപേര്‍ എത്തുമെന്ന് വ്യക്തമല്ല.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും.
സുപ്രീംകോടതിയുടെ 2017 ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചു ചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടി നല്‍കുകയായിരുന്നു.