1992 ഡിസംബര്‍ ആറിന് ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് രണ്ട് മാസം മുമ്പാണ് ചലച്ചിത്രകാരനായ ആനന്ദ് പട്‌വര്‍ധന്റെ പ്രശസ്‌തമായ `രാം കേ നാം’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. സംഭവിക്കാനിരുന്നത് കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി പിന്നീട് ബാബ്‌റി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമായി കടന്നുവന്നു. ഈ ഡോക്യുമെന്ററി കാണുന്ന ഏതൊരാള്‍ക്കും പള്ളി പൊളിക്കുന്നതിനുള്ള പ്രകോപനം കര്‍സേവകര്‍ക്ക് സംഘ്‌പരിവാര്‍ നേതാക്കള്‍ നല്‍കികൊണ്ടിരുന്നതിനും അതിനു പിന്നിലുള്ള ആസൂത്രണത്തിനും മറ്റ് തെളിവുകള്‍ അന്വേഷിക്കേണ്ടി വരില്ല. ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഈ ഡോക്യുമെന്ററിയില്‍ പലയിടത്തും എടുത്തുചേര്‍ത്തിട്ടുണ്ട്.
ഈ ചിത്രം ഗൗരവത്തോടെ കണ്ട മതേതര മനസ് സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും ബാബ്‌റി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധിയെ കുറിച്ചുള്ള വാര്‍ത്ത അറിയുമ്പോള്‍ ഒരു പക്ഷേ ആദ്യം ഓര്‍മ വരിക `രാം കേ നാമി’ല്‍ ആനന്ദ് പട്‌വര്‍ധന്‍ കാട്ടിത്തന്ന തേയ്‌ക്കാനും മായ്‌ക്കാനും കഴിയാത്ത സത്യത്തിന്റെ നേര്‍പകര്‍പ്പുകളായ ദൃശ്യങ്ങളായിരിക്കും. യാഥാര്‍ ത്ഥ്യത്തിന്റെ ജീവസുറ്റ ആ ദൃശ്യങ്ങള്‍ മനസില്‍ നില്‍ക്കുന്നവര്‍ക്ക് മസ്‌ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണെന്നതിന് തെളിവില്ലെന്ന കോടതി വിധി ഞെട്ടല്‍ ഉളവാക്കുന്നതാണ്. പള്ളി പൊളിക്കാന്‍ തുനിഞ്ഞിറങ്ങിയ ജനകൂട്ടത്തെ തടയാനായി അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ശ്രമിച്ചുവെന്ന് കോടതി പറയുമ്പോള്‍ `രാം കേ നാമി’ലെ അദ്വാനിയുടെ വിഷലിപ്‌തമായ പ്രസംഗം ഒരു ഫീച്ചര്‍ ചിത്രത്തിനു വേണ്ടി കൃത്രിമമായി ഷൂട്ട് ചെയ്യപ്പെട്ടതായിരുന്നോ എന്ന ചോദ്യമാണ് മനസില്‍ ഉയരുക. നീതിയുടെ പ്രതീകമായ കോടതിക്ക് എങ്ങനെ ഇത്ര വലിയ കള്ളം പറയാനും അനീതി ഉറപ്പുവരുത്താനും സാധിക്കുന്നുവെന്ന ചോദ്യം സാമാന്യബോധമുള്ള ഏതൊരു മതേതരവാദിയുടെ മനസിലും ഉയരുന്ന സന്ദര്‍ഭമാണ് ഇത്.
ബാബ്‌റി മസ്‌ജിദ് തകര്‍ത്തതിന് പിന്നിലെ ആസൂത്രണത്തിനും അതിനു പിന്നിലെ സംഘ്‌പരിവാര്‍ നേതാക്കളുടെ പങ്കിനും തെളിവായി ഈ ചിത്രത്തിലെ രംഗങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നോ എന്നറിയില്ല. സംഭവിക്കാനിരുന്നത് കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി തീര്‍ച്ചയായും കോടതിയുടെ റെഫറന്‍സില്‍ വന്നിട്ടുണ്ടാകണം. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളെല്ലാം നീതിപീഠം തള്ളുകയാണ് ചെയ്‌തത്.
പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അതിന് മുമ്പ് കോടതികള്‍ക്ക് മുന്നിലെത്തിയ കേസുകളും രഥയാത്രക്ക് മുന്നോടിയായി നടന്ന നാടകീയ സംഭവങ്ങളും വിശകലനം ചെയ്യുന്ന സാമാന്യബോധമുള്ള ആര്‍ക്കും പറയാന്‍ സാധിക്കുന്നതല്ല. ബാബ്‌റി മസ്‌ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുവാദം നല്‍കിയ സുപ്രിം കോടതി വിധി പോലും പള്ളി പൊളിച്ച കൃത്യത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചത്. സംഭവിക്കാന്‍ പാടില്ലാതിരുന്ന ആ ചരിത്ര സംഭവമായ കുറ്റകൃത്യത്തിന് കാരണക്കാരായവരെ ശിക്ഷിക്കാന്‍ തയാറാകാതെ 32 പ്രതികളെയും വെറുതെ വിട്ട കോടതിയുടെ വിധിന്യായം യഥാര്‍ത്ഥത്തില്‍ അനീതിയുടെ വിളംബരമാണ്.
ഈയിടെ പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തിലും പ്രതിപക്ഷ നേതാക്കളുടെ പോലും പിന്തുണയിലും നടന്ന രാമശിലാപൂജ ഇന്ത്യയുടെ മതേതരത്വത്തിന്റെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ് പറഞ്ഞത്. ഇന്നുണ്ടായ കോടതി വിധിയെ അന്നു നടന്ന മതേതരത്വത്തിന്റെ മരണത്തിനുള്ള ഉദകക്രിയയാണ് എന്ന് വിശേഷിപ്പിക്കാം.