Web Desk
പച്ചപ്പും കേരളീയതയും എന്നും കുടുംബശ്രീ ഉത്പന്നങ്ങളുടെ മാത്രം മുഖ മുദ്രയാണ് . അതിപ്പൊ കോവിഡ് കാലത്തായാലും ശരി, അങ്ങനെ തന്നെ .ഡിസൈനർ മാസ്കിൽ തുടങ്ങി വൈവിധ്യങ്ങൾ പലതും പിന്നിട്ടു ഇപ്പോ ദാ പുത്തൻ ആശയം നടപ്പിലാക്കാനൊരുങ്ങുകയാണ് കേരളത്തിന്‍റെ സ്വന്തം പെൺകൂട്ടായ്മ.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ആയുർ മാസ്ക് നിർമ്മിക്കുന്നത്. തുളസി, മഞ്ഞൾ എന്നീ ഔഷധ സസ്യങ്ങളിൽ നിന്നുള്ള ഔഷധാംശങ്ങൾ നിശ്ചിത അളവിൽ ജലത്തിൽ ലയിപ്പിച്ചു കുറുക്കിയ ശേഷം ബാഷ്പരൂപത്തിൽ കൈത്തറി തുണികൊണ്ടുള്ള മാസ്കിൽ പതിപ്പിക്കുന്നതാണ് പുതിയ നിർമ്മാണ രീതി.
കഴുകി ഉപയോഗിക്കാം എന്നതും മൂന്നു മാസം വരെ ഔഷധ ഗുണം നിലനിർത്തും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് നിർമാണം . തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ :എസ്. ആനന്ദിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും, നഗരസഭാ സി. ഡി. എസുകളിലെ മണികണ്ഠശ്വര, വാനന്ദ യൂണിറ്റുകളിൽ അദ്യഘട്ട നിർമ്മാണം തുടങ്ങുന്നത്.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർച്ചു മുതലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ മാസ്ക് നിർമ്മാണം ആരംഭിച്ചത്. വിവിധ വകുപ്പുകളുടെ ആവശ്യമനുസരിച്ചു നാനൂറോളം യൂണിറ്റുകൾ മുഖേനെ 47 ലക്ഷം മാസ്കുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.












