ലക്‌നൗ: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് നേതൃത്വം വഹിക്കുന്ന മുഖ്യ കാര്‍മ്മികന് കോവിഡ്. പൂജാരിയ്ക്ക് പുറമെ അയോധ്യയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. പൂജാരിയുമായി അടുത്തിടപഴകിയ 12 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രാമജന്മഭൂമി കോംപ്ലക്‌സിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നു പോലീസുകാര്‍ക്കാണ് കോവിഡ് പോസീറ്റീവായതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അതേസമയം കഴിഞ്ഞ ശനിയാഴ്ച ഭൂമിപൂജ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് രാമ ജന്മഭൂമി കോംപ്ലക്‌സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാ മുന്‍ കരുതലോടെയാണ് ചടങ്ങ് നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 50 വിഐപി കളാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീമി പൂജ ചടങ്ങുകള്‍ സംപ്രേണം ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന ഉപാധികളാണ് യുപി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
നിലവില്‍ അയോധ്യയില്‍ മാത്രം 375 കോവിഡ് കേസുകളാണുളളത്. പുരോഹിതന്മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍, നാട്ടുകാര്‍ എന്നിങ്ങനെ ഏകദേശം 200 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കുന്നതിനായി പൊതുചടങ്ങുകളില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് പറയുമ്പോഴാണ് 200 ഓളം പേരെ സഘടിപ്പിച്ചു കൊണ്ടുളള ഭൂമിപൂജ നടത്തുന്നത്. എന്നാല്‍ കോവിഡ് മുന്‍കരുതലുകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടാണ് ചടങ്ങ് നടത്തുന്നതെന്നാണ് ട്രസ്റ്റ് പറയുന്നത്.