ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് ബ്രിട്ടനില്‍ അനുമതി ലഭിച്ചു. ഉടന്‍ വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് സൂചന. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുളള മെഡിസന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറസിന്റെ വകഭേദം പുതിയ ഭീഷണിയായ സാഹചര്യത്തില്‍ ഓക്‌സഫോര്‍ഡ് വാകിന്റെ അംഗീകാരം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യുകെ.
യുകെ വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എന്തെന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വതകലാശാല രൂപകല്‍പ്പന ചെയ്ത വാക്‌സിനിലാണ് രാജ്യം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീഷണിയായി മാറിയ ആദ്യഘട്ടത്തില്‍ തന്നെ വികസിപ്പിക്കാന്‍ ആരംഭിച്ച വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സഫോര്‍ഡ്-അസ്ട്രാസെനെക വാക്‌സിന്.











