തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2 കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുളളത്.
80 വയസിന് മുകളില്‍ ഉള്ളവര്‍ക്കും അംഗ പരിമിതര്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. ഇത് സംബന്ധിച്ച കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിക്കും. കോവിഡ് രോഗികളുടെ തപാല്‍ വോട്ടിനായുള്ള പ്രത്യേക മാനദണ്ഡം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം.
അതേസമയം 80 വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും എപ്പോഴാണ് തപാല്‍ വോട്ടിന് അപേക്ഷിക്കേണ്ടത് എന്നടക്കമുള്ള കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മാനദണ്ഡം പ്രഖ്യാപിക്കും. അടുത്ത മാസം ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. അടുത്തമാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും എന്നാണ് സൂചന.