തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുളള കോണ്‍ഗ്രസ്സിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങളിലും ഇന്ന് നടക്കുന്ന യോഗത്തില്‍ ധാരണയിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്താന കോണ്‍ഗ്രസിനെ സജ്ജമാക്കാനാണ് ഇന്നത്തെ ചര്‍ച്ചയിലൂടെ ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. അതേസമയം ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ഘടക കക്ഷികള്‍ അടക്കം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഡി.സി.സികളില്‍ അഴിച്ചു പണി വേണമെന്നുള്ളതാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും സമാന നിലപാടാണ്. എന്നാല്‍ കൂടുതല്‍ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റിയാല്‍ അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിക്കും. ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് ഡി.സി.സി അധ്യക്ഷന്മാരെ മറ്റുന്നതില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.