പാരിസ്: രാഷ്ട്രീയ ചിത്രങ്ങളിലൂടെ ചലച്ചിത്രചരിത്രത്തിൽ അതികായനായി മാറിയ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് അർജന്റീന വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാള്‍വഴികളെ ദൃശ്യപരമായി അടയാളപ്പെടുത്തുന്ന ‘ദ അവര്‍ ഓഫ് ദ ഫര്‍ണസസ്’, അര്‍ജന്‍റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകര്‍ത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യല്‍ ജെനോസൈഡ്’ തുടങ്ങിയ സൃഷ്ടികളിലൂടെ സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾക്ക് ശക്തമായ ചലച്ചിത്ര ഭാഷയൊരുക്കി ഫെര്‍ണാണ്ടസ് ശ്രദ്ധേയനായി .
ലാ ഹോറ ഡി ലോസ് ഹോർനോസ് (ദി ഹവർ ഓഫ് ഫർണസ്) (1968), ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), എൽ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ.
കേരള ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു. സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത്തിരുന്നു.