തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോക്കോളുകളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ രോഗികള്‍ക്ക് ആശുപത്രി വിടാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ പിസിആര്‍ ടെസ്റ്റ് നടത്തിയായിരുന്നു കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അര മണിക്കൂറിനുളളില്‍ തന്നെ ഫലമറിയാന്‍ സാധിക്കും. ഇത് രണ്ടാം തവണയാണ് ആരോഗ്യവകുപ്പ് കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുത്തുന്നത്. കോവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളില്‍ ആദ്യ പോസിറ്റീവ് ഫലം വന്നതിന് പത്ത് ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്താം. ഈ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാവുകയാണെങ്കില്‍ ആശുപത്രി വിടാം എന്നതാണ് പുതിയ ഉത്തരവ്. അതേസമയം ആശുപത്രി വിടുന്ന രോഗിയ്ക്ക് ഏഴു ദിവസത്തെ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്യമായ രീതിയില്‍ കോവിഡ് രോഗലക്ഷണം കാണിക്കുന്നവരില്‍ ആദ്യത്തെ പോസിറ്റീവ് ഫലം വന്ന്് പതിനാല് ദിവസത്തിന് ശേഷം പരിശോധന നടത്തണം. നേരത്തെ രണ്ട് തവണ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായതിനു ശേഷമായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. പിന്നീട് അത് ഒറ്റ തവണയാക്കി മാറ്റിയിരുന്നു. ഇതിലാണ് ഇപ്പോള്‍ വീണ്ടും ആരോഗ്യ വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.