തൊടുപുഴ: പ്രശസ്ത നടന്‍ അനില്‍ നെടുമങ്ങാട് തൊടുപുഴയിലെ മലങ്കര ഡാമില്‍ മുങ്ങി മരിച്ചു.ഡാമില്‍ കുളിക്കാനിറങ്ങിയ നടന്‍ കയത്തില്‍പ്പെടുകയായിരുന്നു. 47 വയസ്സായിരുന്നു. സമീപകാലത്ത് അടക്കം മലയാളത്തില്‍ നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് വേഷവും അനിലിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, ആമി, പാവാട, ആഭാസം, കിസ്മത് അടക്കമുളള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
തൊടുപുഴയില്‍ ജോജു ജോര്‍ജ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയതായിരുന്നു അനില്‍ നെടുമങ്ങാട്. സിനിമാ ചിത്രീകരണത്തിനിടയിലുളള ഇടവേളയില്‍ ലൊക്കേഷന് സമീപത്തുളള ഡാമില്‍ അനിലും സുഹൃത്തുക്കളും അടക്കമുളളവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നു. മറ്റുളളവര്‍ കരയ്ക്ക് കയറിയെങ്കിലും അനില്‍ കയത്തില്‍പ്പെട്ട് തിരിച്ച് കയറാനാകാതെ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.