English മലയാളം

Blog

covid test

കെ.പി. സേതുനാഥ്

കോവിഡ് പകര്‍ച്ചവ്യാധിയുടെ പ്രാരംഭഘട്ടത്തില്‍ രോഗത്തെ നിയന്ത്രിക്കുന്നതില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ കേരള മാതൃക ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. രോഗവ്യാപനത്തിന്റെ എണ്ണം വ്യാഴാഴ്ച പ്രതി ദിനം 4,000 കടന്നതോടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരതരാവസ്ഥ കൂടുതല്‍ വ്യക്തമായി. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം മാത്രമല്ല മൊത്തം ഭരണ സംവിധാനവും, പൊതുസമൂഹവും അങ്ങേയറ്റം ജാഗ്രതയും, കരുതലും പുലര്‍ത്തേണ്ട ദിവസങ്ങള്‍ വരാനിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് രോഗവ്യാപനം നല്‍കുന്നത്.

ഈ സാഹചര്യത്തിന്റെ ഗൗരവം, എന്നാല്‍, പൊതുസമൂഹത്തില്‍ വേണ്ട നിലയില്‍ ഇനിയും പതിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സമ്പര്‍ക്കം വഴി രോഗം പടരുന്നതിന്റെ വേഗതയും, വ്യാപ്തിയും അതാണ് തെളിയിക്കുന്നത്. കേരളത്തിലെ രോഗ വ്യാപനവും ഇന്ത്യക്കകത്തും, പുറത്തുമുള്ള പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവും തമ്മിലുള്ള ബന്ധം ഇപ്പോള്‍ സുവ്യക്തമാണ്. മറുനാട്ടില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചുവരവ് ആരംഭിച്ച മെയ് മാസം മുതലാണ് കേരളത്തിലെ രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയത്. തുടക്കത്തില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഏതാണ്ട്് 90 ശതമാനവും മറുനാടുകളില്‍ നിന്നും എത്തിയ മലയാളികളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജും, ഡല്‍ഹി കേന്ദ്രമായുള്ള ജനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയക്തമായി മലബാര്‍ മേഖലയില്‍ നടത്തിയ പഠനം ഈ നിഗമനങ്ങളെ ശരിവെക്കുന്നു. പ്രധാനമായും മഹാരാഷ്ട്ര, ഒഡീഷ, കര്‍ണ്ണാടക തുടങ്ങിയ മൂന്നു ക്ലസ്റ്ററുകളില്‍ നിന്നുള്ള വൈറസിന്റെ രൂപാന്തരങ്ങളാണ് മലബാര്‍ മേഖലയില്‍ വ്യാപകമായത്. കേരളത്തില്‍ തുടക്കത്തില്‍ കണ്ടെത്തിയ വൈറസിനെക്കാള്‍ വീര്യംകൂടിയ ഇനങ്ങളായിരുന്നു ഇവ.

Also read:  ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണു മുന്നണി മാറ്റിയതെന്ന് കെ.സുരേന്ദ്രൻ

മാര്‍ച്ച്-ജൂണ്‍ കാലയളവിലാണ് ഇവയുടെ സാന്നിദ്ധ്യം കേരളത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. മറുനാടന്‍ മലയാളികളുടെ മടങ്ങിവരവും രോഗവ്യാപനത്തിലെ വര്‍ദ്ധനയും തമ്മിലുള്ള പരസ്പരബന്ധം കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളുടെ ആഴം വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയെ പ്രാദേശികമായി നിയന്ത്രിക്കുന്നത് കൊണ്ടു മാത്രം ഫലപ്രദമാവില്ല എന്ന് കേരളത്തിന്റെ അനുഭവം വ്യക്തമാക്കുന്നു. പ്രവാസികള്‍ വന്‍തോതില്‍ ഉള്ള കേരളത്തില്‍ രോഗനിയന്ത്രണം കൂടുതല്‍ ശ്രമകരവും മികച്ച നിലയിലുള്ള ആസൂത്രണവും ആവശ്യപ്പെടുന്ന ഒന്നാണ്. പകര്‍ച്ച വ്യാധിയുടെ മൂര്‍ദ്ധന്യത്തില്‍ ഒരോ ദേശവും ശ്രദ്ധയൂന്നുന്ന ഒരു സംഗതി അതാതു ദേശങ്ങളിലുള്ള അന്യദേശക്കാരെ കഴിയുന്നത്ര എത്രവും വേഗം മടക്കി അയക്കാമെന്നതാണ്. നാഴികക്ക് നാല്‍പ്പതു വട്ടം ഐക്യവും, അഖണ്ഠതയും, ദേശക്കൂറും മാത്രം പറയുന്ന രാഷ്ട്രീയകക്ഷി ഭരിക്കുന്ന കര്‍ണ്ണാടകം, കേരളവുമായുള്ള അതിര്‍ത്തി കൊറോണയുടെ മൂര്‍ദ്ധന്യത്തില്‍ താല്‍ക്കാലികമായെങ്കിലും മതില്‍കെട്ടി അടച്ചതാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം. അതിര്‍ത്തി തുറക്കാന്‍ സുപ്രീംകോടതി വരെ ഇടപെടേണ്ടി വന്നത് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും, വിദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ നേരിടുന്ന അസ്തിത്വപരമായ അനിശ്ചിതത്വത്തിന്റെ സൂചകമായി കരുതാവുന്നതാണ്.

കേരളത്തിനകത്ത് രോഗബാധയെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രം കേരളം പോലുള്ള ഒരു പ്രദേശം പകര്‍ച്ച വ്യാധികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും മുക്തമാവില്ല. പ്രവാസി ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നോര്‍ക്കയുടെ കണക്കുസരിച്ച് തന്നെ 63-ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിന് പുറത്തു വസിക്കുന്നു. 40-ലക്ഷം പേര്‍ വിദേശ രാജ്യങ്ങളിലും, 13-ലക്ഷത്തിലധികം മറ്റുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധിയുടെ മൂര്‍ദ്ധന്യത്തില്‍ ഇതില്‍ 10-ശതമാനം പേരെങ്കിലും സ്വദേശത്തേക്കു മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്താല്‍ തന്നെ 6-ലക്ഷത്തിലധികം പേരുണ്ടാവും. അത്രയും പേര്‍ക്കുള്ള യാത്രാ സൗകര്യം, അവരുടെ രോഗബാധയുടെ അവസ്ഥയനുസരിച്ചുള്ള ചികിത്സ സൗകര്യം, മടങ്ങി എത്തുന്നവരെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം, അവരുടെ ഉറ്റ ബന്ധുക്കളിലേക്കും, നാട്ടുകാരിലേക്കും പകര്‍ച്ചവ്യാധി പടരാതിരിക്കുന്നതിനുളള മുന്‍കരുതലുകള്‍ തുടങ്ങിയ വളരെയധികം ആസൂത്രണം ആവശ്യമുള്ള നടപടികളാണ് കേരളം നേരിടുന്നത്. ഒരു പക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷം അഭിമുഖീകരിക്കുന്നുണ്ടാവില്ല.

Also read:  ഇന്ന് സംസ്ഥാനത്ത് 3215 പേർക്ക് കൂടി കോവിഡ്; 2532 പേർക്ക് രോഗമുക്തി

പ്രവാസി മലയാളികള്‍ നേരിടുന്ന അസ്തിത്വപരമായ ഈ വെല്ലുവിളികളും, അതിനെ അഭിമുഖീകരിക്കുന്നതില്‍ സംസ്ഥാനത്തിനുള്ള സാധ്യതകളും, പരിമിതികളും എന്താണെന്ന പ്രാഥമികമായ തിരിച്ചറിവുപോലും കേരളത്തിലെ മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികള്‍ക്കും അവര്‍ നയിക്കുന്ന നയകര്‍ത്താക്കള്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. അന്യനാട്ടിലുള്ള മലയാളികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി വാളയാര്‍ അതിര്‍ത്തിയില്‍ സമരം നടത്തിയതു പോലുള്ള കോമാളിത്തരങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാരുടെ വിവരദോഷത്തിന്റെ മികച്ച ഉദാഹരണമാണ്. കോവിഡിന്റെ വ്യാപനം മുതല്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പലപ്പോഴായി നടത്തിയ വ്യത്യസ്തങ്ങളായ പ്രതികരണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഈ വിവരമില്ലായ്മ കൂടുതല്‍ ബോധ്യപ്പെടും.

ഏതു ദുരന്തവും അടുത്ത തെരഞ്ഞെടുപ്പില്‍ എന്തു ഗുണം ചെയ്യും എന്ന കണക്കു കൂട്ടലില്‍ മാത്രം അഭിരമിക്കുന്ന, ഭരണകൂടാധികാരം മുഖ്യമായും സ്വന്തം സമ്പത്തും, അധികാരവും വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമായി ഉപയോഗിക്കുന്ന ഒരു ഇത്തിള്‍ക്കണ്ണി വര്‍ഗമാണ് മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികള്‍. വിശാലമായ ബഹുജന-സമൂഹക്ഷേമം അവരുടെ പരിഗണനയിലെ വിഷയമല്ല. ലോകവ്യാപകമായി കാണുന്ന ഈ പ്രവണത കേരളത്തിലും വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ തുടരുന്നു എന്ന് കോവിഡ് കാലം തെളിയിക്കുന്നു. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായ മികവിനു കിട്ടിയ അംഗീകാരം അടുത്ത തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ചവിട്ടുപടിയാക്കാം എന്നായിരുന്നു ഭരണപക്ഷത്തിന്റെ മുഴവന്‍ കണക്കുകൂട്ടലും. സംസ്ഥാനം കൈവരിച്ച നേട്ടത്തെ എങ്ങനെ ഇല്ലാതാക്കം അല്ലെങ്കില്‍ താഴ്ത്തിക്കെട്ടാം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മുഴുവന്‍ ശ്രമങ്ങളും. ഈ രണ്ടു സ്വാര്‍ത്ഥതകള്‍ക്കിടയില്‍ രോഗവ്യാപനത്തിന്റെ രണ്ടും, മൂന്നും ഘട്ടങ്ങളില്‍ അവധാനതയോടെ ചെയ്യേ കാര്യങ്ങള്‍ ഇരൂകൂട്ടരും മറന്നു. ഒരു വലിയ ദുരന്തത്തിന്റെ മുമ്പിലും സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന രാഷ്ട്രീയത്തിന്റെ പ്രകടമായ ആവിഷ്‌ക്കാരമാണ് ഈ പ്രതികരണങ്ങളില്‍ തെളിയുന്നത്. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറുന്ന പ്രതിഷേധക്കോലാഹലങ്ങള്‍.

Also read:  സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി

കേരളത്തിലെ പൊതുജനാരോഗ്യത്തെ പറ്റി മിനിമം നിലയിലുള്ള വ്യാകുലത പുലര്‍ത്തുന്ന രാഷ്ട്രീയകക്ഷികള്‍ ഇത്തരം നിരുത്തരവാദപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ മുതിരില്ല. രാഷ്ട്രീയകക്ഷികളുടെ നിരുത്തരവാദത്തിന് വേണ്ടതിലധികം പ്രോത്സാഹനം നല്‍കുന്ന മുഖ്യധാര മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. മരണത്തിന്റെ വ്യാപാരികള്‍ എന്നു ചില രാഷ്ട്രീയക്കാരെ ആരോ വിശേഷിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തെ പറ്റി ഉത്ക്കണ്ഠകളൊന്നുമില്ലാതെ സമരകോലാഹലങ്ങളില്‍ വ്യാപരിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരെയും അതിന്റെ ഉത്സാഹ കമ്മിറ്റിക്കാരായി മാറിയ മാധ്യമങ്ങളെയും ചരിത്രം അങ്ങനെയുള്ള മുദ്രണങ്ങളില്‍ അടയാളപ്പെടുത്തിയാല്‍ അത്ഭുതപ്പെടേതില്ല.
.