തിരുവനന്തപുരം: കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നിഗമനം. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കായംകുളം പോലീസ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കള്‍ ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് അനിലിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8.10-ഓടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധുക്കള്‍ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.