തുടര്‍ച്ചയായ രണ്ടാം തവണയാണ് ആന്ദ്രെ ഡ്യൂഡ പോളണ്ട് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പ് ആകമാനം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭരണപക്ഷത്തുളള ലോ ആന്‍റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പിന്തുണയുളള ഡ്യൂഡയ്ക്ക് 51.21 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ലിബറല്‍ സെന്‍റര്‍ റൈറ്റ് പാര്‍ട്ടി പ്രതിനിധിയായ റഫാല്‍ ട്രാസ്‌കോവ്‌സ്‌കിയ്ക്ക് 48.79 ശതമാനം വോട്ടുകളും ലഭിച്ചു. അതേസമയം വോട്ടര്‍മാരുടെ എണ്ണം 60.12 ശതമാനമായ റെക്കോര്‍ഡ് നിരക്കിലേക്ക് ഇയര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്ത് യൂറോപ്പില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് പോളിഷ് തെരഞ്ഞെടുപ്പിന്. ഈ കോവിഡ് കാലത്തും വളരെ ഉയര്‍ന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നത് കമ്മ്യൂണിസത്തേക്കാള്‍ അപകടകരമായ പ്രത്യയശാസ്ത്രമാണെന്നാണ് ഡ്യൂഡെ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നത്. പരമ്പരാഗത മൂല്യങ്ങളെ കുറിച്ചും സാമൂഹ്യ ക്ഷേമത്തെ കുറിച്ചും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.
അതേസമയം രാജ്യത്തെ അര്‍ബന്‍ ലിബറലുകള്‍, എല്‍ജിബിറ്റി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന ഭരണകക്ഷിയുടെ നിലപാടുകളെയും ചൂണ്ടിക്കാട്ടിയാണ് ട്രസ്‌കോവ്‌സ്‌കി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പുതിയ പ്രസിഡന്‍റ് അനുരഞ്ജന സമീപനം സ്വീകരിക്കണമെന്ന് പോളണ്ടിലെ റോമന്‍ കത്തോലിക്കാ സഭാ മോധാവി ആര്‍ച്ച് ബിഷപ്പ് വോജ്‌സിക് പോളക് പറഞ്ഞു.

















