ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങിയ സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിനെ തേടിയെത്തി. എന്നാല്‍ ഈ ചിത്രം ഇംഗ്ലീഷ് സിനിമയുടെ കോപ്പിയടിയാണെന്ന് സോഷ്യല്‍മീഡിയയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2012ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ ഫിക്ഷന്‍ കോമഡി ചിത്രം ”റോബോട്ട് ആന്‍ഡ് ഫ്രാങ്ക്’ ഉം ആയി ആന്‍ഡ്രായ്ഡ് കുഞ്ഞപ്പന് സാമ്യം ഉണ്ടെന്നാണ് വിമര്‍ശകരുടെ വാദം. ജെക് ഷെയര്‍ ആണ് ഇംഗ്ലീഷ് സിനിമയുടെ സംവിധായകന്‍. അച്ഛനെ സംരക്ഷിക്കാന്‍ മകന്‍ വീട്ടില്‍ ഒരു റോബോര്‍ട്ടിനെ കൊണ്ടുവരുന്നതും പിന്നീട് അച്ഛനും റോബോര്‍ട്ടും തമ്മിലുള്ള ബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇത് തന്നെയാണ് മലയാളസിനിമയിലെ കഥയ്ക്ക് ആധാരമെന്നും വിമര്‍ശകന്‍ പറയുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒരുക്കിയത്. സുരാജ് പിതാവിന്റെ വേഷത്തിലെത്തിയപ്പോള്‍ സൗബിന്‍ ഷാഹിര്‍ മകനായി വേഷമിട്ടു. രതീഷ് ബാലകൃഷ്ണ പൊതുവാളിന് നവാഗത സംവിധായകനുള്ള പുരസ്‌കാരവും കലാ സംവിധാനത്തിന് ജോതിഷ് ശങ്കറിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
അതേസമയം, മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘വാസന്തി’ എന്ന ചിത്രത്തിനെതിരെയും കോപ്പിയടി വിവാദം ഉയര്‍ന്നിട്ടുണ്ട്. ഇന്ദിര പാര്‍ത്ഥ സാരഥി എഴുതിയ ‘പോര്‍വേ ചാര്‍ത്തിയ ഉടല്‍കള്‍ എന്ന തമിഴ് നാടകത്തിന്റെ കോപ്പിയാണ് സിനിമയെന്ന് ആരോപിച്ച്
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി കെ ശ്രീനിവാസന്‍ ആണ് രംഗത്തെത്തിയത്.