കൊല്‍ക്കത്ത: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ പര്യടനത്തിനായി ഇന്ന് പശ്ചിമബംഗാളിലെത്തും. രാവിലെ രാമകൃഷ്ണ മിഷന്‍ സന്ദര്‍ശിച്ചതിന് ശേഷം ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മിഡ്‌നാപ്പൂരില്‍ റാലി നടത്തും. സുരക്ഷയുടെ ഭാഗമായി കേന്ദ്രസേനയെ വിന്യസിപ്പിക്കും. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ വിലയിരുത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചിരുന്നു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജുവെച്ച നിരവധി നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്നും പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി മാറുകയാണ്. കടുത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സ് പോയി കൊണ്ടിരിക്കുന്നത്. സുവേന്ദു അധികാരിക്ക് പിന്നാലെ ഇന്നലെ എംഎല്‍എ സില്‍ഭദ്ര ദത്തയും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ഇത്തരത്തില്‍ നേതാക്കന്മാരുടെ രാജിയും അമിത് ഷായുടെ ബംഗാള്‍ പര്യടനവും പാര്‍ട്ടിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.
അതേസമയം പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എയും പാര്‍ട്ടി വിട്ടു. ശനിയാഴ്ച പശ്ചിമ ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് ഹാല്‍ദിയ എംഎല്‍എയായ താപ്‌സി മൊണ്ഡല്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകുന്നതെന്നും താപ്സി പറഞ്ഞു.