കൊല്‍ക്കത്ത: ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മമതാ ബാനര്‍ജിയുടെ ഉന്മൂലന മാതൃകയും തമ്മിലുള്ള പോരാട്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂഛ് ബെഹാറില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
വോട്ടെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കും. ഇന്ത്യയിലല്ലെങ്കില്‍ പാക്കിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടത്. ജയ് ശ്രീ റാം വിളിക്കുന്നത് ബംഗാളില്‍ എന്തുകൊണ്ടാണ് കുറ്റകരമാകുന്നതെന്നും അമിത് ഷാ ചോദിച്ചു. അക്രമ ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ വികസന മുന്നേറ്റം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 23ന് സുല്‍ഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മമത ബാനര്‍ജി പ്രസംഗം ഇടയ്ക്ക് നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഈ പരിപാടിയില്‍ മമത പ്രസംഗം നടത്താനിരിക്കെ സദസില്‍ നിന്നുള്ള ഒരു വിഭാഗം ‘ജയ് ശ്രീ റാം’ എന്ന് ആക്രോശിച്ചതിനെ തുടര്‍ന്നായിരുന്നു വേദി വിട്ടത്. പിന്നീട് പ്രധാനമന്ത്രിയുടെ മറ്റൊരു പരിപാടിയില്‍ നിന്നും മമതാ വിട്ടുനിന്നിരുന്നു.