ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച അമ്മയുടെ മൃതദേഹം കേരളത്തിലെത്തിച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണം നിഷേധിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മയ് കോവിഡ് ബാധിച്ചെന്നത് ശരിയാണ്. എന്നാല്‍ അത് നെഗറ്റീവ് ആയ ശേഷമാണ് അമ്മ മരിച്ചതെന്ന് കണ്ണന്താനം വിശദീകരിച്ചു. അമ്മയുടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മേയ് 28-ന് അമ്മയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ അഞ്ചിന് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ കോവിഡ് നെഗറ്റീവായി. ജൂണ്‍ 10-ന് വീണ്ടും എയിംസില്‍ തന്നെ പരിശോധന നടത്തി. അതിലും ഫലം നെഗറ്റീവായിരുന്നു.
കോവിഡ് മുക്തയായെങ്കിലും പ്രധാന അവയങ്ങളെ രോഗം ബാധിച്ചു. വൃക്കകള്‍ തകരാറിലാകുകയും ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് പിന്നീട് മരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.











