Web Desk
തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വര്‍ഷം വരെ പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികള്‍ കാരണം കുഞ്ഞുങ്ങളെ നോക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാര്‍ക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപയും രണ്ട് വര്‍ഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കാലതാമസം വരുന്ന അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം അനുവദിക്കുക.