ന്യൂഡല്‍ഹി: കൃഷി, കാര്‍ഷിക അനുബന്ധ മേഖലയില്‍ നൂതന സാങ്കേതികവിദ്യയിലൂടെ സ്റ്റാര്‍ട്ടപ്പുകളും അഗ്രിപ്രെനര്‍ഷിപ്പുകളും പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ, പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമര്‍. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴില്‍ നൂതനാശയങ്ങളും അഗ്രിപ്രെണര്‍ഷിപ്പും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍, ഭക്ഷ്യ സാങ്കേതികവിദ്യ, അഗ്രോ പ്രോസസിങ്, മൂല്യവര്‍ധിത സേവനം എന്നീ മേഖലയിലെ 112 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1185.90 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തവണകളായാണ് ധനസഹായംവിതരണം ചെയ്യുന്നത്. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് എത്രയും വേഗം നൂതന സാങ്കേതികവിദ്യ രീതികള്‍ അവലംബിക്കണം. ഈ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും യുവജനങ്ങളെ ഈ മേഖല ആകര്‍ഷിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
കാര്‍ഷിക, അടിസ്ഥാനസൗകര്യ ശാക്തീകരണത്തിനുള്ള രാഷ്ട്രീയ കൃഷി വികാസ് യോജന പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്നോവേഷന്‍&അഗ്രി എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കി നിലവിലെ സ്ഥിതി പരിപോഷിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും കേന്ദ്ര കൃഷിവകുപ്പ് മന്ത്രി പറഞ്ഞു.