വയനാട് പനമരത്ത് നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് ഇരു കൈകളും കുത്തി മുട്ടിലിഴഞ്ഞ് 40കാരിയായ റംല എത്തിയത്. തന്റെ മുചക്രവാഹനം വീട്ടിലേക്ക് എത്തിക്കാന്‍ ഒരു കോണ്‍ക്രീറ്റ് വഴി വേണം എന്നതായിരുന്നു റംലയുടെ ആവശ്യം. ആകെയുള്ള 3 സെന്റില്‍ ഉള്ളതാകട്ടെ താമസ യോഗ്യമല്ലാത്ത ഒരു ചെറിയ വീട്.
ഉറ്റവര്‍ ആരുമില്ലാത്ത പാതി തളര്‍ന്ന ശരീരവുമായി തനിച്ചു കഴിയുന്ന റംലയ്ക്ക് കോണ്‍ക്രീറ്റ് വഴി മാത്രമല്ല വീടും അനുവദിച്ചു. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 5000 രൂപ ധനസഹായവും നല്‍കി. നിലവിലുള്ള 3 സെന്റ് വീട് വെക്കാന്‍ പര്യാപ്തമല്ലെങ്കില്‍ മറ്റൊരു ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് ഉത്തരവ് നല്‍കി.
റംലയ്ക്ക് ജന്മനാ അരയ്ക്കുതാഴെ സ്വാധീനമില്ല. അര്‍ബുദം ബാധിച്ച് മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഭിന്നശേഷി പെന്‍ഷന്‍ കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.വീട്ടിലേക്കൊരു വഴി എന്ന ആവശ്യവുമായി എത്തിയ റംല വീട് കൂടി കിട്ടിയ സന്തോഷത്തിലാണ് മടങ്ങിയത്.

















