കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹരജിയില്‍ ഹൈകോടതി ഇന്ന് വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെയും സര്‍ക്കാരിന്‍റെയും പരാതി.
നടിയെ അക്രമിച്ച കേസിലെ ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നുമാണിപ്പോള്‍ സര്‍ക്കാര്‍ നിലപാട്.
തന്നെ അപമാനിക്കുന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്‍കിയെന്നാണ് ഇരയായ നടി കോടതിയെ അറിയിച്ചത്. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്‍പില്‍ ആണ് ഇതെല്ലാം നടന്നത്. പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നും തനിക്ക് വിചാരണ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.











