ചെന്നൈ: കോണ്‍ഗ്രസില്‍ നിന്ന് നടി ഖുശ്ബു രാജിവെച്ചു. അംഗത്വം രാജിവെച്ച് സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് ഖുശ്ബുവിനെ നീക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു. നടി ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹങ്ങള്‍.
പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരെ ചിലര്‍ ഒതുക്കുകയാണെന്നും യാതൊരു ബോധവുമില്ലാത്തവര്‍ തന്നെ താഴ്ത്തികെട്ടുകയാണെന്നും നടി കത്തില്‍ പറയുന്നു. ‘ഒരുപാട് ആലോചിച്ചാണ് ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. പണത്തിനും പ്രശംസയ്ക്കും വേണ്ടിയല്ല, ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിങ്ങളോടുള്ള എന്റെ ബഹുമാനം എന്നും ഉണ്ടാകും’- ഖുശ്ബു കത്തില്‍ കുറിച്ചു. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താരം നന്ദി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയങ്ങളെ ഖുശ്ബു പ്രശംസിച്ചിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് സുഖം പ്രാപ്തി നേര്‍ന്നും എടപ്പാടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയപ്പോള്‍ പ്രശംസിച്ചും നടി ട്വിറ്ററില്‍ എത്തിയിരുന്നു. ഇതോടുകൂടി ബിജെപിയിലേക്ക് താരം പോകുമെന്ന താരത്തില്‍ വാര്‍ത്തകള്‍ പരന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.











