നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന റിന്‍സിയെ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊടുങ്ങല്ലൂര്‍ : ഏറിയാട് വസ്ത്രവ്യാപാര ശാല നടത്തി വന്ന റിന്‍സി എന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വന്ന റിന്‍സിയെ പിന്നാലെയെത്തിയ റിയാസ് ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം മക്കളുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു. മുപ്പതോളം വെട്ടുകളേറ്റ റിന്‍സി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. വെട്ടേറ്റ് മൂന്ന് വിരലുകള്‍ അറ്റ നിലയിലുമായിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ റിയാസിനെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ ഏറിയാട് ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ റിയാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വസ്ത്ര വ്യാപാര ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന റിയാസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാല്‍, ജോലി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിയാസ് പലവട്ടം റിന്‍സിയെ ശല്യം ചെയ്തിരുന്നു.
വീട്ടില്‍ വന്ന് വഴക്കിട്ടതിനെ തുടര്‍ന്ന് റിന്‍സി പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇയാളെ താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. റിന്‍സിയോടുള്ള പകയുമായി നടന്ന റിയാസ് കഴിഞ്ഞ ദിവസം ഇവര്‍ കടപൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.