തിരുവനന്തപുരം: കല്ലമ്പലം തോട്ടക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയ കുമാര്‍ എന്നിവരാണ് മരിച്ച അഞ്ചുപേര്‍.
പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരുടേത് വലിയകുന്ന് ആശുപത്രിയിലും ഒരാളുടെത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. മീന്‍ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.