അബുദാബി: ജനുവരി രണ്ടു മുതല്‍ അബുദാബിയിലെ റോഡുകളിലെ ടോള്‍ സംവിധാനം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്റര്‍(ITC) അറിയിച്ചു. റോഡില്‍ തിരക്ക് കൂടിയ മണിക്കൂറുകളായ രാവിലെ 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയുമാണ് ഈ ടോള്‍ സംവിധാനം നടപ്പാക്കുക.
ടോള്‍ സംവിധാനങ്ങളുമായി വാഹനങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഐടിസി അബുദാബി നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാര്‍ബ് മൊബൈല്‍ ആപ്പിലൂടെയോ, http://darb.itc.gov.ae എന്ന വെബ്‌സൈറ്റിലൂടെയോ ഇത് ചെയ്യാവുന്നതാണ്.
അബുദാബി ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അല്‍ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളില്‍ ഇരുവശങ്ങളിലേക്കുമുള്ള ടോള്‍ ഗേറ്റുകളിലാണ് ടോള്‍ നടപ്പിലാക്കുന്നത്. ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 16 ദിര്‍ഹം വരെയാണ് ടോള്‍ ആയി ഈടാക്കുന്നത്. ഒരു ഉപയോക്താവിന്റെ അക്കൗണ്ടിന് കീഴില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യ വാഹനത്തിനു മാസത്തില്‍ പരമാവധി 200 ദിര്‍ഹവും , രണ്ടാമത്തേ വാഹനത്തിന് പരമാവധി 150 ദിര്‍ഹവും, തുടര്‍ന്നുള്ള ഓരോ വാഹനത്തിനും പരമാവധി100 ദിര്‍ഹവും ആയി മാസ പരിധി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഈ ഇളവ് ലഭ്യമല്ല.
ഓരോ തവണ വാഹനങ്ങള്‍ ടോള്‍ ഗേറ്റിലൂടെ കടന്ന് പോകുമ്പോളും ഉപയോക്താക്കളുടെ അക്കൗണ്ടില്‍ റീചാര്‍ജ് ചെയ്തിട്ടുള്ള തുകയില്‍ നിന്ന് ടോള്‍ സ്വയമേ ഈടാക്കുന്നതാണ്. ഡാര്‍ബ് ടോള്‍ ഗേറ്റ് അക്കൗണ്ട് റെജിസ്റ്റര്‍ ചെയ്യുന്നതിനായി ഉപയോക്താക്കളില്‍ നിന്നും ഓരോ വാഹനത്തിനും 100 ദിര്‍ഹം ഈടാക്കുന്നുണ്ട്. ഇതില്‍ 50 ദിര്‍ഹം ടോള്‍ തുക അടയ്ക്കുന്നതിനായി ഉപയോഗിക്കാം.
ടോള്‍ പ്രവര്‍ത്തന സമയം, നിരക്കുകള്‍:
ആഴ്ച്ച തോറും, ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ വാഹനഗതാഗതം ഏറ്റവും കൂടുതല്‍ ആയ മണിക്കൂറുകളില്‍ (കാലത്ത് 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയും), 4 ദിര്‍ഹം ആണ് ഓരോ തവണ ടോള്‍ഗേറ്റിലൂടെ കടന്നു പോകുന്നതിനും ടോള്‍ തുകയായി ഈടാക്കുന്നത്. തുടര്‍ന്നുള്ള മണിക്കൂറുകളിലും, പൊതു അവധി, വെള്ളിയാഴ്ച്ച ദിവസങ്ങളിലും ടോള്‍ ഗേറ്റുകളിലൂടെ യാത്ര സൗജന്യമായിരിക്കും
ടോള്‍ ഇളവുകള്‍:
മുതിര്‍ന്ന എമിറേറ്റി പൗരന്മാര്‍, വിരമിച്ച എമിറേറ്റി പൗരന്മാര്‍, കുറഞ്ഞ വരുമാനമുള്ള എമിറേറ്റി പൗരന്മാര്‍, അംഗപരിമിതര്‍ എന്നീ വിഭാഗക്കാര്‍ക്ക് ടോള്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. പൊതു ബസുകള്‍, സ്‌കൂള്‍ ബസുകള്‍, അബുദാബിയില്‍ രെജിസ്റ്റര്‍ ചെയ്ത ടാക്‌സികള്‍, അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍, ബൈക്കുകള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ മുതലായവയെ ടോളിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടോള്‍ ഗേറ്റുകളിലൂടെ കടന്ന് പോകുന്നതിന് എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും, ഇളവുകള്‍ അനുവദിച്ചിട്ടുള്ളവര്‍ ഉള്‍പ്പടെ, ഡാര്‍ബ് ‘ടോള്‍ ഗേറ്റ് അക്കൗണ്ട് റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
റെജിസ്റ്റര്‍ ചെയ്യാത്ത വാഹനം ടോള്‍ ഗേറ്റിലൂടെ കടന്ന് പോകുമ്പോള്‍ റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി 10 പ്രവര്‍ത്തി ദിവസത്തെ സാവകാശം നല്‍കുന്നതാണ്. ഈ കാലയളവിനുള്ളില്‍ റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തും.