ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍
അബുദാബി: അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് ഏഴു ദിവസം കൂടുന്തോറും നടത്തണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.
ഡിസംബര്‍ 26 മുതല്‍ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമാണ്.
എല്ലാ പതിനാലു ദിവസം കൂടുന്തോറും എടുത്തിരുന്ന പിസിആര്‍ ടെസ്റ്റാണ് ഇനിമുതല്‍ ആഴ്ചയിലൊരിക്കലാക്കിയത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
എന്നാല്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല. അബുദാബിയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കാന്‍ അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. നേരത്തെ ഗ്രീന്‍ പാസ് മുപ്പതു ദിവസം കാലാവധി ഉള്ളതായിരുന്നു. ഇത് അടുത്തിടെ പതിനാലു ദിവസമായി കുറച്ചിരുന്നു.
അല്‍ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കുകയും പതിനാല് ദിവസം കൂടുന്തോറും പീസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭ്യമാക്കുകയും വേണം.