തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. സെഫിക്കെതിരെ കുലക്കുറ്റം തെളിഞ്ഞതായും തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നിവ തെളിഞ്ഞതായും വിധി പ്രഖ്യാപിക്കവെ കോടതി വ്യക്തമാക്കി.
കോടതി വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു തോമസ് പ്രതികരിച്ചു. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാണ് 28 വര്‍ഷത്തിന് ശേഷം അനുകൂല വിധി വന്നതെന്നും സഹായിച്ച വൈദികര്‍ക്കും സന്യാസിനികള്‍ക്കും നന്ദി പറയുന്നുവെന്നും ബിജു തോമസ് വ്യക്തമാക്കി.
1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസാണ് സിബിഐ കൊലപാതകമെന്ന് തെളിയിച്ചത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി.സി.എം കോളേജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത്ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താല്‍ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
പയസ് ടെന്‍ത്ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി.ബി.ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയത്.











