ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും. ശസ്ത്രക്രിയക്കായി മഅദനിയെ ബെംഗളൂരുവിലെ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രനാളിയില്‍ തടസമുണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്.
മഅദനിക്ക് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയരുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലാണ്. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളും അലട്ടുന്നുണ്ട്.
ബംഗളൂരു സ്ഫോടനക്കേസിലെ 31-ാം പ്രതിയായ മഅദനിയെ 2010 ഓഗസ്റ്റ് 17 നാണ് കരുനാഗപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. പ്രമേഹ ചികില്‍സയ്ക്കായി 2014 ജൂലൈ 14 ന് സുപ്രീംകോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. കേസെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും വിചാരണ പോലും പൂര്‍ത്തിയായിട്ടില്ല.