പാലക്കാട്: മുന്നണി മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും എന്‍.സി.പിക്കുള്ളില്‍ നടന്നിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍. എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കും. ടി.പി.പീതാംബരന്റെയും എന്റെയും നിലപാടില്‍ വൈരുദ്ധ്യമില്ല. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. എന്‍സിപിയിലെ തര്‍ക്കം മുന്നണിയില്‍ പരിഹരിക്കും. പാര്‍ട്ടിയില്‍ തലമുറമാറ്റം എല്ലാവര്‍ക്കും ബാധകമാണെന്നും ശശീന്ദ്രന്‍ നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുളള സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
പാലാ സീറ്റ് വേണമെന്ന് അവിടുത്തെ എം.എല്‍.എയായ മാണി സി.കാപ്പന്‍ പറയുന്നതില്‍ അസ്വഭാവികതയില്ല. പാലാക്ക് പകരം മറ്റ് സീറ്റ് എന്ന് ചിന്തിക്കേണ്ടതില്ല. തങ്ങളുടെ പാര്‍ട്ടിക്ക് നിലവില്‍ മത്സരിച്ച സീറ്റ് മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പാര്‍ട്ടി നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിലവിലുള്ള മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള സീറ്റിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അത് വിവാദമായി മാറിയിട്ടുണ്ടെന്നത് സത്യമാണ്. ഈ വിവാദത്തില്‍ എന്‍.സി.പി ദേശീയ നേതൃത്വം ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ അതിലൊരു തീരുമാനം കൈക്കൊള്ളുന്നതുവരെ ഇവിടെയിരുന്ന് കലഹിച്ചിട്ട് കാര്യമില്ല.
തനിക്ക് പാര്‍ട്ടി സീറ്റു തന്നാല്‍ മാത്രം മത്സരിക്കും. എന്റെ സീറ്റില്‍ ഞാന്‍ തന്നെ മത്സരിക്കുമെന്ന ശീലം എനിക്കില്ല. പാര്‍ട്ടി പറയുന്നത് കേള്‍ക്കും. പാര്‍ട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാല്‍ റിബലായി മത്സരിക്കില്ല. യുഡിഎഫിലേക്കില്ലെന്ന് ഉറപ്പിച്ച് ടി.പി.പീതാംബരനും രംഗത്ത് വന്നിരുന്നു. പാലാ അടക്കമുള്ള നാലു സീറ്റിലും എന്‍സിപി മത്സരിക്കുമെന്ന് പീതാംബരന്‍ ആവര്‍ത്തിച്ചു. ഇക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.