മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ ചുവടുവയ്പ്പാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് ബിൻ ജാഫർ അൽ മുസല്ലമി പറഞ്ഞു.
പുതിയ ചിഹ്നം കറൻസിയെ എളുപ്പത്തിൽ വേർതിരിച്ചറിയാനും, രാജ്യാന്തര വിനിമയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ആഗോള അംഗീകാരം വർധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒമാനി സാമ്പത്തിക വ്യവസ്ഥയുടെ പക്വതയും തുടർച്ചയായ പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗിക ചിഹ്നം. നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെ പ്രാദേശികവും അന്തർദേശീയവും ആയ തലങ്ങളിൽ ഒമാന്റെ സാമ്പത്തിക വിശ്വാസ്യതയും മത്സരശേഷിയും ഉയർത്താൻ ഇത് സഹായകമാകുമെന്നും ഗവർണർ പറഞ്ഞു.
സാമ്പത്തിക മേഖലയ്ക്കപ്പുറം, പുതിയ ചിഹ്നം ഗണ്യമായ സാംസ്കാരികവും നാഗരികവുമായ മൂല്യത്തെ അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനികതയും ആധികാരികതയും സമന്വയിക്കുന്ന രീതിയിലാണ് ചിഹ്നത്തിന്റെ രൂപകൽപന. ഒമാനി പൈതൃകം, സാംസ്കാരിക ആഴം, സമകാലിക സൗന്ദര്യശാസ്ത്രം എന്നിവയുടെ ഐക്യത്തെ ചിഹ്നം പ്രതിഫലിപ്പിക്കുന്നു.
ബാങ്കിങ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സാമ്പത്തിക റിപ്പോർട്ടുകൾ, വാണിജ്യ ഇന്റർഫേസുകൾ എന്നിവയിൽ ഒരേപോലെ ഈ ചിഹ്നം ഉപയോഗിക്കപ്പെടും.











