മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ.
ഒമാൻ കാർഷിക വികസന കമ്പനിയാണ് കേന്ദ്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കൃഷി, ജലവിഭവം, മത്സ്യബന്ധനം മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന നജ്ദ് കാർഷിക ഓഫിസുമായി സഹകരിച്ചാണ് പദ്ധതി വികസിപ്പിക്കുന്നത്.
പ്രാദേശിക കാർഷിക സമുദായത്തെ ശക്തിപ്പെടുത്തുകയും, കാര്‍ഷിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഈ കേന്ദ്രം പ്രാദേശിക കർഷകരിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, കോൾഡ് സ്റ്റോറേജ്, പാക്കേജിംഗ്, സംസ്‌കരണം എന്നിവ വഴിയുള്ള മൂല്യവർദ്ധനവ് ലക്ഷ്യമിടുന്നു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, മാലിന്യ നിരക്ക് കുറയ്ക്കാനും, വിപണിയിൽ മികച്ച പ്രവേശനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
പ്രതിവർഷം 50,000 ടൺ ശേഷിയുള്ളതും, 4,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതുമായ ഈ കേന്ദ്രം, നജ്ദിലെ കാർഷിക ഉത്പാദനം ദൃഢീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപിക്കപ്പെടുന്നത്.
2026ന്റെ രണ്ടാം പാദാവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യസുരക്ഷയും കാർഷികമേഖലയിലെ ദീർഘകാല സുസ്ഥിരതയും ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത ഈ സംരംഭം ഒമാനിന്റെ കാർഷിക ഭവനത്തിലേക്കുള്ള തന്ത്രപരമായ ചുവടുവയ്പ്പായിരിക്കും.












